Wednesday, 16 July 2025

STANDARD 4 MALAYALAM UNIT -1

 

 ചിറകുകളുള്ള ബസ്


വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.


കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

കവിതയും തത്ത്വചിന്തയും തമ്മില് ഇത്തരമൊരു ലയനം ഇക്കാലത്ത് അ പ്രതീക്ഷിതമാണ്. ഈ അപ്രതീക്ഷിതത്വത്തെ അടിയന്തരവേഗമാര്ന്ന ഭാഷയിലാക്കി പുതുജീവിത സംത്രാസത്തെ നേരിടുന്ന കവിതയാണ് വിഷ്ണുപ്രസാദിന്റേത്

കവിതയുടെ ആശയം

 വിനോദയാത്രയ്ക്ക് പോകുന്ന ബസ്സിലെ കുട്ടികൾ ജനലിലൂടെ കൈവീശുന്നു. അവർ പുതിയ കാഴ്ചകൾ കണ്ടു സന്തോഷിക്കുന്നു ഇത് കാണുമ്പോൾ ബസ്സിന് ചിറകുകൾ വന്നതായി തോന്നുന്നു ബസിന്റെ ഇരുവശത്തുമുള്ള കുട്ടികളുടെ കൈകൾ ബസിന്റെ ചിറകുകൾ പോലെയാണെന്ന് കവിതയിൽ പറയുന്നു 



No comments:

Post a Comment