Wednesday, 16 July 2025

STANDARD 4 MALAYALAM UNIT -1

 

വട്ടത്തിൽ ചവിട്ടുമ്പോൾ  

 

സൈക്കിളിൽ കയറി ഉലകം ചുറ്റാൻ കുട്ടിക്കാലത്ത് മോഹം തോന്നാത്തവർ ഉണ്ടാകുമോ? മൂന്നു ചക്ര സൈക്കിളിൽ തുടങ്ങി വലിയ സൈക്കിളിൽ കയറി മുട്ടുപൊട്ടുന്ന ഒരു സൈക്കിൾ കാലം അനുഭവിക്കാത്തവരുണ്ടാകുമോ?(ഉണ്ടെങ്കിൽ ബാല്യത്തെ വേണ്ടവിധം ആസ്വദിച്ചിട്ടില്ല) വാഹനം എത്ര പെരുകിയാലും സൈക്കിളിനോട് നമുക്കൊരു ഇഷ്ടമുണ്ട്. കയറി ,ചവിട്ടി ,നാട്ടിലൂടെ കറങ്ങി നടക്കാൻ പഠിക്കും വരെ കൗതുകത്തോടെ സൈക്കിളിനെ നോക്കിയിരുന്ന ഒരു കാലം എല്ലാ മുതിർന്നവർക്കും ഉണ്ടാകും. കാലം ഒരുപാട് കഴിഞ്ഞിട്ടും  പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടും സൈക്കിൾ നമുക്ക് ഇന്നും എന്നും ഒരു അത്ഭുത വാഹനം തന്നെയാണ്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഭയങ്കരൻ തന്നെ.!

മൈക്കിൾ ചേട്ടൻറെ സൈക്കിളും വാങ്ങി വട്ടത്തിൽ ചവിട്ടിനീളത്തിൽ ഓടി, പറന്നു ആകാശത്തിൽ എത്തി ,അവിടെവച്ച് കാലുളിക്കിയ ചന്ദ്രനെന്ന കുട്ടിയെ കാണുന്നു. അവനും ഭൂമിയിലേക്ക് വരണം . എന്തിനാണ് വരവ് എന്നറിയാമോ സൈക്കിൾ ചവിട്ടാൻ തന്നെ. കുട്ടികളുടെ ഭാവനയെ അവരുടെ അനുഭവ സാഹചര്യത്തിൽ നിന്നുകൊണ്ട് ആകാശത്തോളം ഉയർത്തി കൊണ്ടുപോകുന്ന ചെറിയ കവിതയാണ് പി പി രാമചന്ദ്രൻ രചിച്ച സൈക്കിൾ ചവിട്ടാൻ എന്ന മനോഹരമായ പുസ്തകത്തിന്റെ ഉള്ളടക്കം. ബാബുരാജിന്റെ വർണ്ണചിത്രങ്ങൾ  മനസ്സിൽ മഴവില്ല് തെളിയിക്കും പോലെ മനോഹരമാണ്. ചെറിയ കുട്ടികൾക്കും  വലിയ മനുഷ്യർക്കും  ഒരേ പോലെ വായിക്കാനും വ്യത്യസ്തമായ അർഥങ്ങൾ കണ്ടെത്താനും കഴിയുന്ന ചെറുപുസ്തകം. താളാത്മകമായി ചൊല്ലി നടക്കുവാൻ കുഞ്ഞുമനസ്സുകളിൽ പതിയും വിധത്തിലാണ് രചനാ ശൈലി.


മൈക്കിൾ ചേട്ടാ
സൈക്കിളു വേണം
എങ്ങടാ മോനെ
ചന്ദ്രനിലേക്ക്
എന്തിനാ മോനേ
നിലാവു കൊള്ളാൻ
ബെൽ ഇല്ല മോനേ
നാവുണ്ട് ചേട്ടാ
ബ്രേക്ക് ഇല്ല മോനേ
കാലുണ്ട് ചേട്ടാ......

 കുട്ടികൾക്കും മുതിർന്നവർക്കും കൈയിലെടുത്ത്  വായിച്ചു തീർക്കാതെ താഴ്ത്തി വയ്ക്കാൻ കഴിയാത്ത വിധം ഈ പുസ്തകത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത് അരുണ ആലഞ്ചേരിയാണ്. വായനയുടേയും വ്യാഖ്യാനത്തിന്റെയും ലോകത്തിലേക്ക് കുട്ടികളെ നയിക്കുവാൻ ഈ പുസ്തകം ഉത്തമ സഹായി.

 

പി പി രാമചന്ദ്രൻ
കവി, വിവർത്തകൻ, എഡിറ്റർ
.

1962ൽ ജനിച്ചു. സ്വദേശം മലപ്പുറം ജില്ലയിലെ വട്ടംകുളം. റിട്ട.അധ്യാപകൻ.

കാണെക്കാണെ, രണ്ടായ് മുറിച്ചത്, കാറ്റേ കടലേ, കലംകാരി, ലളിതം, പി.പി.രാമചന്ദ്രന്റെ കവിതകൾ, പേക്രോം എന്നിവ കവിതാസമാഹാരങ്ങൾ. നല്ല മാഷല്ല ഞാൻ ലേഖന സമാഹാരം. പാതാളം, മരക്കുതിര, സൈക്കിളു ചവിട്ടാൻ എന്നിവ ബാലസാഹിത്യകൃതികൾ.

കാണെക്കാണെ എന്ന കൃതിക്ക് 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്. പാതാളം എന്ന കഥാപുസ്തകത്തിന് 2012 ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്. കൂടാതെ വി.ടി.കുമാരൻ പുരസ്കാരം, ചങ്ങമ്പുഴ അവാർഡ്, ചെറുശ്ശേരി പുരസ്കാരം, പി.സ്മാരക കവിതാ പുരസ്കാരം, മൂലൂർ അവാർഡ്, ചെറുകാട് അവാർഡ്, അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം, കുഞ്ചുപിള്ള അവാർഡ് എന്നിവ ലഭിച്ചു.  അവതരണ കവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് നേടി


കവിതയുടെ സംഭാഷണം..

പാവ നാടകം (സൈക്കിള് ചവിട്ടാൻ)

No comments:

Post a Comment