Friday, 12 May 2017

STANDARD 7 MALAYALA UNIT3.2

ഞാറ്റുവേലപ്പൂക്കള്‍  
പി. ഭാസ്കരൻ

മഞ്ഞണിപ്പൂനിലാവിന്റെ മഹാകവി - ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിനു് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൌന്ദര്യവും കാവ്യാനുശീലനത്തിന്റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാ‍സങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവർ ആയും ഒക്കെ കേരളത്തിനു് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞിരുന്ന ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണു് നമുക്കെല്ലാം. 

കൊടുങ്ങല്ലൂരാണു് അദ്ദേഹത്തിന്റെ ജനനം - 1924 ഏപ്രിൽ 21 നു്; ഭാസ്കരൻ മാഷിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ “99ലെ വെള്ളപ്പൊക്കകാലത്തു്”. അച്ഛൻ പ്രശസ്തസാഹിത്യകാരനും (‘ദേശീയഗാനമാല’, ‘നളിനി’ എന്ന ഭാഷാനാടകം - ഇവയാണു് അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതകൃതികൾ) കോൺഗ്രസ് നേതാവും അഭിഭാഷകനുമൊക്കെ ആയിരുന്ന നന്ത്യേലത്തു് പത്മനാഭമേനോൻ. അമ്മ പുല്ലൂറ്റുപാടത്തു് അമ്മാളു അമ്മ. അവരുടെ ഒമ്പതു മക്കളിൽ ആറാമൻ ആയിരുന്നു ഭാസ്കരൻ മാസ്റ്റർ. വള്ളത്തോൾ, നാലപ്പാട്ടു നാരായണമേനോൻ, കേളപ്പജി, കോഴിപ്പുറത്തു മാധവമേനോൻ തുടങ്ങിയ കാവ്യ, രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ മഹാരഥൻ‌മാർ വീട്ടിലെ സ്ഥിരം സന്ദർശകർ. അങ്ങനെ സാഹിത്യവും രാഷ്ട്രീയവും നിറഞ്ഞു നിന്നിരുന്ന ഒരു ബാല്യം. സ്കൂളിൽ പഠിക്കുമ്പോൾ ‘ഭാസി’ എന്ന പേരിൽ മാതൃഭൂമി ബാലപംക്തിയിൽ എഴുതി സാഹിത്യകർമ്മങ്ങൾക്കു് നാന്ദി കുറിച്ചു. എറണാകുളം മഹാരാജാസിലെ കലാലയവിദ്യാഭ്യാസകാലത്തു് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. ഒളിവിലും തെളിവിലും നടന്ന പാർട്ടിപ്രവർത്തനം ജയിൽ‌വാസത്തിൽ കലാശിച്ചു. പുറത്തിറങ്ങിയശേഷം കുറേനാൾ ദേശാഭിമാനിയിൽ പത്രപ്രവർത്തനം. ആ സമയത്തു് ആദ്യകവിതാസമാഹാരം “വില്ലാളി” പുറത്തിറങ്ങി. പിന്നീടു് വയലാർ-പുന്നപ്ര പക്ഷോഭത്തിന്റെ ഒരു മാറ്റൊലി പോലെ ‘വയലാർ ഗർജ്ജിക്കുന്നു’ എഴുതി. ‘രവി’ എന്ന തൂലികാനാമത്തിലാണു് ആദ്യം ആ കൃതി പ്രസിദ്ധീകരിച്ചതു്. ക്രമേണ പാർട്ടിയുമായി അടുപ്പമില്ലാതെയായി. മദിരാ‍ശിയിലെ ‘ജയകേരളം’ മാസികയുടെ പത്രാധിപരായി ചേർന്നതോടെ രാഷ്ട്രീയരംഗത്തുനിന്നു പൂർണ്ണമായി അകന്നു എന്നു തന്നെ പറയാം. 

ആ അകൽച്ചയും മദിരാശീവാസവും ഒരു ഉർവ്വശീശാപം പോലെ മലയാ‍ളസിനിമയ്ക്കു ലഭിച്ച ഒരു വരദാനം ആയി ഭവിച്ചു എന്നു പറയണം. 1949ൽ എസ്. എസ്. വാസൻ നിർമ്മിച്ച ‘അപൂർവ്വസഹോദരങ്ങൾ’ എന്ന ചിത്രത്തിലെ ഒരു ബഹുഭാഷാഗാനത്തിലെ മലയാളത്തിലുള്ള നാലു വരികൾ ആണു് ഭാസ്കരൻ മാഷിന്റെ ആദ്യചലച്ചിത്രഗാനരചന. “കടക്കണ്ണിൽ തലപ്പത്തു് കറങ്ങും വണ്ടേ..” എന്നു തുടങ്ങുന്ന ആ പാട്ടിനു് ഈണം നൽകിയതു് പാർത്ഥസാരഥി എന്ന സംഗീതസംവിധായകൻ. പാടിയതു് ആ ചിത്രത്തിലെ നായിക തന്നെ ആയിരുന്ന പ്രസിദ്ധനടി പി. ഭാനുമതി. അഞ്ചു പതിറ്റാണ്ടുകളോളം നീണ്ടു നിന്ന ഒരു ചലച്ചിത്രസപര്യയുടെ തുടക്കം ആയിരുന്നു അതു്. 1950ൽ ഇറങ്ങിയ ‘ചന്ദ്രിക’ ആണു് അദ്ദേഹം ഗാനരചന നിർവ്വഹിച്ച ആദ്യ മലയാളചിത്രം. പിന്നെ നവലോകം, പുള്ളിമാൻ, തിരമാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. 2007 ൽ വിടപറയുമ്പോഴേക്കും മുന്നൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിഅഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം ഒരുക്കി. മലയാളിക്കു് ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒട്ടനവധി മനോഹര ഗാനങ്ങൾ.
മലയാളചലച്ചിത്രഗാനരചനാശാഖയുടെ പിതൃസ്ഥാനീയൻ എന്നു തന്നെ പറയാം ഭാസ്കരൻ മാസ്റ്ററെക്കുറിച്ചു്. അദ്ദേഹം ഗാനരചന തുടങ്ങുന്നതിനു മുമ്പു് വിരലിലെണ്ണാവുന്ന ശബ്ദചിത്രങ്ങൾ മാത്രമേ ഇറങ്ങിയിരുന്നുള്ളൂ. പക്ഷെ അതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സംഭാവന. മലയാളചലച്ചിത്രരംഗത്തിനു് ഒരു ദിശാബോധം നൽകിയ, ഒരു പുതിയ വഴിത്താര വെട്ടിത്തുറന്ന ചിത്രമാണു് നീലക്കുയിൽ. അതിന്റെ പണിപ്പുരയിലെ പ്രഥമൻ അദ്ദേഹം തന്നെ. സിനിമയെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി യഥാതഥമായി ബന്ധിപ്പിച്ച ആദ്യത്തെ മലയാള സിനിമ നീലക്കുയിൽ ആയിരുന്നു. പിന്നീടു്, അറുപതുകളുടെ രണ്ടാം പാദത്തിൽ ചെമ്മീൻ എന്ന ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു് മുന്നോട്ടു നീങ്ങാൻ മലയാളസിനിമയ്ക്കു് വീണ്ടും ഒരു പുതിയ പന്ഥാവൊരുക്കിയതു് ഭാസ്കരൻ മാഷാണു് - “ഇരുട്ടിന്റെ ആത്മാവി”ലൂടെ. ആകെ 47 സിനിമകൾ സംവിധാനം ചെയ്തു അദ്ദേഹം. 8 സിനിമകൾ നിർമ്മിച്ചു. 6 സിനിമകൾക്കു് തിരക്കഥ/സംഭാഷണം എന്നിവ നിർവ്വഹിച്ചു. ചില ചിത്രങ്ങളിൽ അഭിനയിച്ചു. 

സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാൻ, കെ.എസ്.എഫ്.ഡി.സിയുടെ ചെയർമാൻ, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപസ്ഥാനം - ഇത്തരം പല തിരക്കുകൾക്കിടയിലും, ചിലതു് സാഹിത്യബാഹ്യം എന്നു പറയാവുന്നതാണെന്നോർക്കുക, ഇരുപതോളമോ ഇരുപതിലേറെയോ കാവ്യഗ്രന്ഥങ്ങൾ രചിച്ചു് അഭ്രസുന്ദരിക്കൊപ്പം കാവ്യസുന്ദരിയും തന്റെ കൂടെത്തന്നെയുണ്ടു് എന്നും നമ്മെയെല്ലാം അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, കായൽക്കാറ്റു്, ഒസ്യത്ത്, സത്രത്തിൽ ഒരു രാത്രി, നാഴൂരിപ്പാലു്, പാടുന്ന മൺ‌തരികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 

മലയാ‍ളത്തിൽ സ്ഫുടം ചെയ്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റേതു്. മലയാളമണ്ണിന്റെ നനവും, നിലാവിന്റെ കുളിരും, കാറ്റിന്റെ ഗന്ധവും മഞ്ഞളിന്റെ നിറവും എല്ലാം നിറഞ്ഞ ഒരു സ്വപ്നസപര്യ ആയിരുന്നു അദ്ദേഹത്തിന്റേതു്. കിനാവിന്റെ ആ കൊതുമ്പുവള്ളങ്ങളിൽ കാവ്യാനുശീലനത്തിന്റെ പ്രദീപ്തിയും മാനവികതയുടെ ഊർജ്ജവും കാല്പനികതയുടെ രാഗകല്പനകളും എല്ലാം ഒന്നുപോലെ ഒത്തിണങ്ങിയിരുന്നു. നമ്മുടെ ഗൃഹാ‍തുരമായ സ്വപ്നങ്ങളിൽ, കാല്പനികമായ ഇന്നലെകളിൽ, രാഗ വിലോലതകളുടെ അരുണിമയും, മാധുര്യവും, വിഷാദച്ഛവിയും പ്രചോദനവും പ്രതീക്ഷകളുമൊക്കെ കോർത്തിണക്കിയ ഈ കവിശ്രേഷ്ഠന്റെ ജീവിതസായാഹ്നം ഓർമ്മകളുടെ ഇഴയടുപ്പങ്ങൾക്കുമപ്പുറമായി എന്നതു് വളരെ ദുഃഖകരമായിരുന്നു. 2007 ഫെബ്രുവരി 25നു് അദ്ദേഹം നമ്മോടു വിട പറഞ്ഞു. 
 
ഞാറ്റുവേലപ്പൂക്കൾ- പി ഭാസ്കരൻ
ക്ലാസ്‌- VII (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിത

 കലാജീവിതം
തന്റെ ഇരുപതാമത്തെ വയസിൽ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ്
എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാൽപ്പനികതക്ക് ജനകീയത നൽകിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തിൽ വിശ്വസിച്ചിരുന്നില്ല. 

അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്തതാണ്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്.
ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു.
 

Orkkuka vallappozhum

 

Ormayil P. Bhaskaran Part 1 

Ormayil P. Bhaskaran Part 2

 

 

 

No comments:

Post a Comment