കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്‌ണു വാമനരൂപം ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് പുരാണം.
ചരിത്രം
പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു
എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം
ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ
'കര'യാണ് തൃക്കാക്കര.
തൃക്കാക്കര, തെക്കേക്കര..
തുമ്പമരം പൂത്തേ..
എന്നിങ്ങനെ ഒരു നാടന്‍പാട്ടില്‍ പരാമര്‍ശം കാണുന്നു.
തൃക്കാക്കരയില്‍ ഓണാഘോഷം തുടങ്ങിയത് മന്നന്‍ എന്ന രാജാവാണെന്ന് വിശ്വാസം. ദക്ഷിണേന്ത്യ ആക്രമിച്ച സമുദ്രഗുപ്‌തനെ ഈ രാജാവ് യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ആ വിജയം ഉത്സവമായി ആഘോഷിക്കാന്‍ ഓണം നാളില്‍ വിളംബരപ്പെടുത്തുകയും ചെയ്‌തു. ജനങ്ങളുടെ വിജയാഘോഷമാണ് 'തിരു' ഓണമായി പരിണമിച്ചതെന്നൊരു കഥയും പ്രചാരത്തില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നാടന്‍പാട്ടും കാണുന്നു.
കേരളയൂഴിക്കുടയവരാകിന
കേരളമന്നവന്‍ മന്ന രാജന്‍
ആഴിപോലുള്ള തിരുവുള്ളം തന്നില്‍
ആഴത്തില്‍ വിശ്രമമൊളിയും വച്ചു
ആഴിപോല്‍ മേവുമാ സമുദ്രഗുപ്‌തന്‍
മാഴുകമാറങ്ങങ്കം അടുത്തു ചെയ്‌തു
സമ്മാനം പെറ്റോരരചന്‍ തന്റെ
സമ്മോദക്കേളിക്കു...
തുടര്‍ന്ന് ജനങ്ങളുടെ ഉത്സാഹവും ഓണക്കളികളും ഓണസദ്യയുമെല്ലാം ആ പാട്ടില്‍ വിവരിക്കുന്നുണ്ട്. തൃക്കാക്കര ശ്രീ മഹാമന്നന്റെ രാജിഭരണത്തെക്കുറിച്ചു പുകഴ്ത്തിപ്പറയുന്ന മാവേലി നാടുവാണീടും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ട് കേരളീയര്‍ക്ക് ഏറെ സുപരിചിതമാണ്. തൃക്കാക്കരനിന്നും വന്ന ആരോമല്‍പൈങ്കിളി പാടുന്നതായിട്ടാണ് ഈ പാട്ട് അവതരിപ്പിച്ചിട്ടുള്ളത്.
'തൃക്കാക്കര ശ്രീ മഹാമന്നന്‍
കേളികള്‍ കേള്‍പ്പിന്‍ മഹാജനങ്ങള്‍
ആ രാജമൌലീടെ ചെയ്തിയെല്ലാം
മാലോകര്‍ ചൊല്ലി ഞാന്‍ കേള്‍പ്പതുണ്ട്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
.. .........................................
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം...'
ആ പാട്ടില്‍ത്തന്നെ തിരുവോണം ആഘോഷിക്കണമെന്നൊരു കല്‍പ്പനയും പറയുന്നുണ്ട്.
മാവേലിയെന്നൊരു രാജാവല്ലോ
മാനുഷരോടങ്ങരുളി ചെയ്തു
അല്ലല്‍ കൈവിട്ടൊരു തിരുനാളിതല്ലോ
തിരുസിംഹമാസത്തിരുവോണങ്ങള്‍..
നിങ്ങളെല്ലാമനുസരിപ്പിന്‍..
ചരിത്രപരമെന്നു പറയാവുന്ന മറ്റൊരു വാദവും ഓണാഘോഷത്തെക്കുറിച്ച് നിലനില്‍ക്കുന്നു. തൃക്കാക്കരയും സമീപപ്രദേശങ്ങളും പ്രാചീനകാലത്ത് ബുദ്ധജൈനമതക്കാര്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു. ആര്യാധിനിവേശത്തോടുകൂടി അവിടെ ഭരിച്ചിരുന്ന ബുദ്ധമതക്കാരനായ രാജാവിനെ പുറന്തള്ളി, നിലനിന്നു പോന്ന ബുദ്ധക്ഷേത്രവും തകര്‍ത്ത് ബ്രാഹ്മണര്‍ ഒരു രാജാവിനെ വാഴിക്കുകയും വിഷ്‌ണുക്ഷേത്രം സ്ഥാപിക്കുകയും ചെയ്‌തു. തൃക്കാക്കര വിഷ്‌ണുക്ഷേത്രത്തിലെ ഉത്സവത്തോടും വിളവെടുപ്പുത്സവത്തോടുമൊപ്പം നിഷ്‌ക്കാസിതനായ ബുദ്ധരാജാവിന്റെ ഓര്‍മ പുതുക്കാന്‍ ബുദ്ധജൈനമതക്കാരെ അനുവദിച്ചു.
തൃക്കാക്കര ക്ഷേത്രോത്സവമാണ് ജാതിമതവ്യത്യാസമില്ലാതെ എല്ലാ നാടുകളിലും ആഘോഷിച്ചുവരുന്നത്.
'തൃക്കാക്കര ദേവനോണം കാൺമാന്‍
പോകണമെല്ലാരുമെന്നു വന്നു'
എന്നാണ് നാടന്‍പാട്ടിലെ പരാമര്‍ശം.
'ഓണത്തപ്പാ കുടവയറാ
അത്തം പത്തിനു തിരുവോണം'
എന്നീ വരികളിലെ ഓണത്തപ്പനെ ബുദ്ധനോടും കുടവയറനെ ജൈനതീര്‍ഥങ്കരനോടും സാമ്യപ്പെടുത്തുന്നതായി പറയപ്പെടുന്നു.
അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷത്തില്‍ പൂക്കളമിടുന്നത് പ്രധാനപ്പെട്ടതാണ്. തുമ്പപ്പൂ, ഓണപ്പൂ, കാക്കപ്പൂ, തെച്ചിപ്പൂ, അരളിപ്പൂ തുടങ്ങിയ പൂക്കള്‍കൊണ്ടാണ് കുട്ടികള്‍ പൂക്കളം തീര്‍ക്കുന്നത്. ഓരോ നാളിനും ഓരോ പൂവിനും പ്രാധാന്യം ഉണ്ടായിരുന്നു.
'അത്തംനാള്‍ മത്തപ്പൂ
ചിത്തിരനാളൊത്തിരിപ്പൂ
ചോതിക്കോ കാതിപ്പൂ
ശോകമില്ലാപ്പൂവിശാഖത്തില്‍
അനിഴംനാള്‍ പവിഴപ്പൂ
കേട്ടയിലോ നാറ്റപ്പൂ
മൂലംനാള്‍ വാലന്‍പൂ
പൂരാടത്തിന്ചാരപ്പൂ
ഉത്രാടത്തിന് പൂവട ഹായ്
തിരുവോണത്തിനു പൊടിപൂരം'
പൂക്കള്‍ പറിക്കുമ്പോഴും പൂവിളിപ്പാട്ടുകള്‍ പാടി വരുന്നു.
തുമ്പപ്പൂവേ പൂത്തിരളേ
നാളെക്കൊരു വട്ടിപ്പൂ തരുമോ
ആയ്ത്തില, ഈയ്ത്തില ഇഴം കൊടി പൂത്തില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ'
തുടര്‍ന്ന് കാക്കപ്പൂവേ അരിപ്പൂവേ തെച്ചിപ്പൂവേ എന്നിങ്ങനെ പൂവിന്റെ പേര് മാറ്റി വരികള്‍ ആവര്‍ത്തിക്കുകയും പൂവേ പൊലി പൂവേ എന്ന് പാടി അവസാനിപ്പിക്കുകയുമാണ് പതിവ്.
'മഞ്ഞപ്പൂവേ പൂത്തിരുളേ
നാളെക്കൊരു കൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കേണ്ട
കാക്കപ്പൂവോടു ചോദിക്കൂ'
എന്നിങ്ങനെ പാട്ടിനു പാഠഭേദങ്ങളും കാണാം.
'കറ്റകറ്റക്കയറിട്ടു
കയറാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ'
എന്നു വരികള്‍ കേരളത്തില്‍ ഏറെ പ്രചാരത്തില്‍ ഉള്ളതാണ്.
ഓണം നാളില്‍ വിപുലമായ സദ്യ ഒരുങ്ങുന്നു.
'അപ്പം വേണം അട വേണം
പരപ്പേറും പപ്പടവും വേണം
കറികളതഞ്ചും വേറെ വേണം
തൈരും നെയ്യും തേനും ഗുളവും
കൊട്ടത്തേങ്ങ പഴവും മലരും
മുട്ടാതെന്നും മധുപര്‍ക്കം വേണം
മേളം ചേര്‍ക്കും തുമ്പപ്പൂ മലരൊളി
ചോറും പായസമൊക്കെ വേണം'
എന്നിങ്ങനെ ഓണസദ്യയെക്കുറിച്ചുള്ള വിവരണം ഓണപ്പാട്ടില്‍ കാണാം.
ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ തരം കളികളും വിനോദങ്ങളും നടത്തിയിരുന്നു. അമ്മാനാട്ടം, ഊഞ്ഞാലാട്ടം, തുമ്പിതുള്ളല്‍, മാണിക്കച്ചെമ്പഴുക്ക എന്നിവ കുട്ടികളുടെയും സ്‌ത്രീകളുടേയും വിനോദങ്ങളാണ്. കൈകൊട്ടിക്കളി, കുമ്മിയടി, തലയാട്ടം എന്നിവ സ്‌ത്രീകളുടെ മാത്രം വിനോദമാണ്. ഓണത്തുള്ളല്‍, ഓണപ്പാവക്കൂത്ത്, ഓണേശ്വരന്‍( ഓണപ്പൊട്ടന്‍), ഓണത്താര്‍ എന്നീ കലാരൂപങ്ങളും ഓണക്കാലത്ത് അവതരിപ്പിച്ചുപോരുന്നു. ഇവയ്‌ക്കോരോന്നിനും പ്രത്യേകം പാട്ടുകളുമുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ വീടുകള്‍ കയറിയിറങ്ങിയാടുന്ന കുട്ടിത്തെയ്യമാണ് ഓണത്താര്‍. ഓണവില്ലോടുകൂടി വരുന്ന ഓണത്താറിന്റെ രൂപം
'ഒച്ച കൊള്ളും മണികൊട്ടി നന്നായ്
ചേര്‍ച്ചയോടങ്ങുവലതുകൈയില്‍
ഓണവില്ലമ്പോടെടുത്തുകൈയില്‍
ഓലക്കണയും പിടിച്ചു നന്നായ്
ഓങ്കാരമായ മുടി തലയില്‍
ഓമനനെറ്റിക്കു പൊന്‍കുറിയുള്ള
എന്നിങ്ങനെ പാട്ടില്‍ വിവരിക്കുന്നു.
ഓണം കേരളീയജനതയുടെ സ്വപ്‌നസാന്നിധ്യമാണ്. എല്ലാം പോയകാലത്തിന്റെ വാമൊഴിപ്പാട്ടുകളിലും നിറഞ്ഞുനില്‍ക്കുന്നു.
No comments:
Post a Comment