കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. കൂത്ത് പരമ്പരാഗതമായി ചാക്യാർ
സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത്
എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്.
|
ഗുരു മാണി മാധവചാക്യാർ ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നു |
ഒന്നിൽ കൂടുതൽ ചാക്യാന്മാർ ചേർന്ന് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കുന്നതിനെ കൂടിയാട്ടം എന്നും വിളിക്കുന്നു.
ഭാസൻ തുടങ്ങിയ മഹാകവികളുടെ സംസ്കൃത നാടകങ്ങളെ ഉപജീവിച്ച് നാട്യശാസ്ത്രവിധിപ്രകാരം അഭിനയിക്കപ്പെടുന്ന കലാരൂപമാണ് ഇത്.
കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന
കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം
കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്.
എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ്
ഉത്തരദിഗ്വിജയം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ
(കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന്
ഇളംകോഅടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്. കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത്.
ചാക്ക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ
കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും
തുടർന്നുള്ള പതിനെട്ട് ചാക്ക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്